നാരദ കേസില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യമില്ല , വീട്ടുതടങ്കലില്‍ തുടരും; സിബിഐക്കും തിരിച്ചടി

 

കൊല്‍ക്കത്ത : നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഇവരെ വീട്ടുതടങ്കലില്‍ നിന്നും ജയിലേക്ക് അയക്കണമെന്ന സിബിഐയുടെ അപേക്ഷയും കോടതി തള്ളി. സിബിഐ അറസ്റ്റ് ചെയ്ത മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നും ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കേസ് കേട്ട രണ്ട് അംഗങ്ങളുള്ള ബെഞ്ച് ഹര്‍ജിയില്‍ രണ്ടുതരത്തിലുള്ള അഭിപ്രായം പറഞ്ഞിരുന്നു.  അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് അരിജിത് ബാനര്‍ജി സമ്മതിച്ചിരുന്നു. എന്നാല്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ വീട്ടുതടങ്കലിന് ഉത്തരവിടുകയായിരുന്നു. ഇടക്കാല ജാമ്യത്തിനായി വിഷയം വിശാല ബഞ്ചിന്‍റെ പരിഗണനയിലേക്കും വിട്ടു. എന്നാല്‍ അതിന് ശേഷം വന്ന ഓഡറില്‍ ഇപ്പോഴുള്ള സ്ഥിതി തുടരാനും, ജാമ്യത്തിനായി ഉയര്‍ന്ന ബെഞ്ചിനെ സമീപിക്കാനുമാണ് നിര്‍ദേശം.

വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായവര്‍ തങ്ങളുടെ പിടിപാടുകള്‍ ഉപയോഗിക്കും എന്നാണ് സിബിഐ വാദിച്ചത്. അറസ്റ്റിലായ മന്ത്രിമാര്‍ ഫിര്‍ഹാദ് ഹക്കിം, സുബ്രതാ മുഖര്‍ജി എന്നിവര്‍ ഓണ്‍ലൈനായി സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും, ഫയലുകള്‍ നോക്കുന്നു എന്നും സിബിഐ ആരോപിച്ചു.

2014 ല്‍ ഒരു ഒളിക്യാമറ ഓപ്പറേഷനിലൂടെ ബംഗാളിലെ നാല് മന്ത്രിമാരും ഏഴ് എംപിമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദമായ നാരദ കേസ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

Comments (0)
Add Comment