തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി; വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം

Jaihind Webdesk
Friday, December 8, 2023

 

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്‍റ് എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. മഹുവയ്ക്ക് പാര്‍ലമെന്‍റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും സ്പീക്കർ അംഗീകരിച്ചില്ല. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാന്‍ മഹുവയ്ക്ക്  അവസരം ലഭിച്ചിരുന്നുവെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോങ്കറാണ് റിപ്പോര്‍ട്ട് സഭയില്‍വെച്ചത്. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

വിനോദ് കുമാര്‍ സോങ്കറിന്‍റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാനുള്ള ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ 9-ന് അംഗീകരിച്ചിരുന്നു . 500 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി മഹുവയ്ക്കെതിരെ സമര്‍പ്പിച്ചത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. എത്തിക്സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്‍റിൽ നിന്ന് പുറത്തിറങ്ങിയശേഷം മഹുവ പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്നത് വസ്ത്രാക്ഷേപം ആണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്‍റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലോക്സഭയില്‍ അദാനി ഗ്രൂപ്പിനെതിരെ ചോദ്യം ചോദിക്കുന്നതിന് വ്യവസായിയില്‍ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്‍ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നും മഹുവയ്ക്കെതിരെ ആരോപണമുയർന്നു. തുടര്‍ന്ന് വിഷയം സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.