ഉമ്മന്‍ ചാണ്ടിക്ക് ആദരം; പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കബറിടം

Jaihind Webdesk
Wednesday, July 19, 2023

 

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുങ്ങുന്നത് പ്രത്യേക കബറിടം. മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനങ്ങളോടുള്ള ആദര സൂചകമായിട്ടാണ് പ്രത്യേക കബർ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. പള്ളിയുടെ അങ്കണത്തിൽ വൈദികരുടെ കബറിടത്തോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്.

പുതുപ്പള്ളിയും പുതുപ്പള്ളി നിവാസികളും എത്രമേൽ ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടതായിരുന്നോ അത്രമേൽ തന്നെ പ്രിയപ്പെട്ടതാണ് പുതുപ്പള്ളി സെന്‍റ് ജോർജ് പള്ളിയും. സ്ഥലത്തുണ്ടെങ്കില്‍ ഞായറാഴ്ച ദിവസങ്ങളിലെ പുതുപ്പള്ളി പള്ളിയിലെ കുർബാന ഉമ്മൻചാണ്ടി മുടക്കിയിരുന്നില്ല. പുതുപ്പള്ളി സെന്‍റ് ജോർജ് പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിൽ അത്രമേൽ ആത്മബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.

പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു ഉമ്മൻ ചാണ്ടി. പള്ളിയിലെ എല്ലാ ഇടവക അംഗങ്ങളുമായി അദ്ദേഹത്തിന് പ്രത്യേക ആത്മബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് പുതുപ്പള്ളിക്കും അതുപോലെതന്നെ പുതുപ്പള്ളി പള്ളിക്കും ഒരു തീരാനഷ്ടമാണെന്ന് പള്ളി വികാരി ഫാദർ വർഗീസ് പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് ഉള്ള ആദരസൂചകമായിട്ടാണ് പുതുപ്പള്ളി പള്ളി അദ്ദേഹത്തിന് പ്രത്യേകം കബറിടം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരോട്ട് വള്ളക്കാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് ആദരസൂചകമായി പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.