ആദിവാസികള്‍ ഭൂമിയുടെ യഥാർത്ഥ അവകാശികള്‍, അവർക്ക് എല്ലാ അവസരങ്ങളും ലഭിക്കണം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, August 13, 2023

 

മാനന്തവാടി/വയനാട്: ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആദിവാസികളെന്ന് രാഹുൽ ഗാന്ധി. വയനാട് മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്‍ററിന്‍റെ എച്ച്ടി കണക്ഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ വയനാട് പര്യടനത്തിന് ശേഷം ഇന്ന് രാഹുൽ ഡൽഹിയിലേക്ക് മടങ്ങും.

എല്ലാ അവസരങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കണം. വനവാസി എന്നാണ് ഒരു വിഭാഗം ആളുകൾ ആദിവാസികളെ വിളിക്കുന്നത്. ആദിവാസികളെ വനത്തിനുള്ളിൽ പരിമിതപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. രാജ്യവുമായി ആദിവാസികളുടെ ബന്ധത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തുന്നത് രാജ്യത്തെ ഭരണകൂടമാണെന്നും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിവാസികളാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ. ആദിവാസികൾ എന്നത് പ്രത്യേക ചിന്താരീതിയാണെന്നും  ഭൂമി, പരിസ്ഥിതി എന്നിവയെക്കുറിച്ച് ധാരണയുള്ളവർ എന്നും അർത്ഥമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭൂമിയുടെ അവകാശികൾക്ക് ആ അവകാശം നൽകേണ്ടത് അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസം നിർവഹിക്കാൻ ആദിവാസി സമൂഹത്തിന് കഴിയണം. വനാവകാശ നിയമപ്രകാരം അത്തരം അവകാശങ്ങളുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ആശയപരമായി ഇടതു പക്ഷത്തോട് വിരോധമുണ്ട്. എംപി സ്ഥാനം റദ്ദാക്കിയപ്പോൾ പ്രതിഷേധിച്ചത് കക്ഷി രാഷ്ട്രീയമില്ലാതെയാണ്. വയനാട്ടിൽ വീണ്ടുമെത്തിയത്തിൽ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടുദിവസത്തെ മണ്ഡലം പര്യടനം പൂർത്തിയാക്കി രാത്രിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.