ആദിവാസി ഫണ്ട് തട്ടിപ്പ്: സി.പി.ഐ. നേതാവിന് കുരുക്ക്; ഇ.ഡിയുടെ നിർണായക ഇടപെടല്‍

Jaihind News Bureau
Sunday, November 2, 2025

മലപ്പുറത്തെ സി.പി.ഐ. നേതാവ് ഒന്നാം പ്രതിയായ ആദിവാസി ഭവനനിര്‍മാണ ഫണ്ട് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍. അട്ടപ്പാടി ഭൂതിവഴിയൂരിലെ ഏഴ് ആദിവാസി കുടുംബങ്ങളുടെ ഭവനനിര്‍മാണത്തിനായി അനുവദിച്ച 13.62 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇ.ഡി.യുടെ നടപടി. നിലവില്‍ സി.പി.ഐ. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എം. ബഷീറാണ് ഈ കേസില്‍ ഒന്നാം പ്രതി.

ഇതുമായി ബന്ധപ്പെട്ട്, പരാതിക്കാരിയോട് ആവശ്യമായ രേഖകളുമായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ ഗഫൂര്‍, അട്ടപ്പാടിയിലെ മുന്‍ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സി.പി.ഐ. നേതാവ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇ.ഡി. നേരിട്ട് ഇടപെടുന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.