മുട്ടില്‍ വനംകൊള്ള : ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കാനം രാജേന്ദ്രന്‍

Jaihind Webdesk
Monday, June 14, 2021

മുട്ടില്‍ വനംകൊള്ള വിവാദത്തില്‍ സിപിഐ നേതൃത്വം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. സർക്കാർ നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു അദ്ദേഹം. സിപിഐ ഭരിച്ച വകുപ്പുകളായ വനവും റവന്യൂവുമാണ് കേസിന്‍റെയും വിവാദത്തിന്‍റെയും പ്രഭവകേന്ദ്രങ്ങള്‍. പരിസ്ഥിതി പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന ബിനോയ് വിശ്വമോ കൃഷിമന്ത്രി പി.പ്രസാദോ ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. നിലവിലെ റവന്യു മന്ത്രിയും മുന്‍ വനം, റവന്യു മന്ത്രിമാരും പ്രതികരിച്ച കാര്യമാണ് ഇക്കാര്യം ചോദിക്കുമ്പോള്‍ സിപിഐ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.

പരിസ്ഥിതി വിഷയങ്ങളില്‍ സ്ഥിരതയാര്‍ന്ന നിലപാടുള്ള സിപിഐ മരംമുറി വിവാദത്തില്‍ തുടരുന്ന മൗനം ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിപിഐ ഭരിച്ച വകുപ്പുകളായ വനവും, റവന്യൂവുമാണ് കേസിന്‍റെയും വിവാദത്തിന്‍റെയും പ്രഭവകേന്ദ്രങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് വഴിവച്ച നിലംനികത്തല്‍ വിവാദത്തിന്‍റെ പേരില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക പോലും ചെയ്തിരുന്നു.