വനംകൊള്ള : അന്വേഷണ സംഘം വിപുലീകരിച്ചു ; ഐജി സ്പർജൻ കുമാറിന് ഏകോപന ചുമതല

Jaihind Webdesk
Sunday, June 13, 2021

വയനാട് : മുട്ടിൽ വനംകൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. ഐജി സ്പർജൻ കുമാറിനാണ് അന്വേഷണ ഏകോപന ചുമതല. മുട്ടിൽ വനംകൊള്ളക്കേസ് വിവാദമായതോടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.
മൂന്ന് മേഖലകളിൽ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങൾ പ്രത്യേകം അന്വേഷിക്കും. ഓരോ മരം കടത്തിലും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാനും തീരുമാനമായിട്ടുണ്ട്. മേഖല തിരിച്ചുള്ള അന്വേഷണത്തിന് എസ്പിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. എസ്പിമാരായ കെവി സന്തോഷ് കുമാർ, സുദർശൻ, സാബു മാത്യു എന്നിവർക്കാണ് ചുമതല.

മരമുറി വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വൻതോതിൽ മരം കൊള്ള നടന്നതായി കണ്ടെെത്തിയിട്ടുണ്ട്. കേസിൽ പങ്കുള്ള എല്ലാ ഉദ്യോസ്ഥരുടെയും പങ്ക് സഹിതം സമഗ്രമായി അന്വേഷിക്കാനാണ് വിപുലമായ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.