ചികില്‍സകള്‍ വിഫലം; മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞു

Jaihind News Bureau
Friday, February 21, 2025

അതിരപ്പള്ളിയിൽ നിന്നും മസ്തകത്തിൽ മുറിവേറ്റ നിലയിൽ  കണ്ടെത്തിയ കാട്ടാന ചരിഞ്ഞു.  കഴിഞ്ഞ ബുധനാഴ്ചയാണ് ആനയെ രണ്ടുമാസത്തെ ചികിത്സയ്ക്കായി കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ചത്.  ചികിത്സയിലിരിക്കെ അവിടെ വച്ചാണ് ആന ചരിഞ്ഞത്.

അതിരപ്പള്ളിയിൽ നിന്നും കഴിഞ്ഞ ബുധ നാഴ്ചയാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടിയത്. മസ്തകത്തിലെ അണുബാധ തുമ്പിക്കയിലേക്ക് ബാധിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. പരിശോധനയിൽ മുറിവിനുള്ളിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കയിലേക്ക് കൂടി പടർന്നതോടെ ശ്വാസം എടുക്കാനും കൊമ്പന് ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത് എന്നാണ് വിലയിരുത്തല്‍. ജനുവരി 15 തീയതിയിലാണ് മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ പ്ലാന്‍റേഷൻ തോട്ടത്തിൽ കണ്ടെത്തിയത്. തുടർന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് 24 ന് മയക്കു വെടിവെച്ച് തളച്ച് ചികിത്സ നൽകി വിട്ടത്. എന്നാൽ വീണ്ടും ഈ മുറിവിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് ആനയെ കോടനാട് അഭയാരണ്യത്തിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവുകയുമായിരുന്നു.