കുഴിനഖ ചികിത്സാ വിവാദം: തെറ്റിയത് കളക്ടർക്കല്ല, ഡോക്ടർക്കെന്ന് സർക്കാർ; റിപ്പോർട്ട് ഉടന്‍

Jaihind Webdesk
Tuesday, May 14, 2024

 

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സ വിവാദമാക്കിയെന്ന് ഡോക്ടറും സംഘടനയുമെന്ന് സർക്കാർ വിലയിരുത്തൽ. കളക്ടർക്ക് പൂർണ്ണ സംരക്ഷണവുമായി ഐഎഎസ് അസോസിയേഷൻ രംഗത്ത് എത്തിയതോടെ കളക്ടർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നുറപ്പായി. ചീഫ് സെക്രട്ടറിക്ക് ആരോഗ്യവകുപ്പ് സെക്രട്ടറി ഉടൻ റിപ്പോർട്ട് കൈമാറും.

കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ തിരുവനന്തപുരം കളക്ടർക്ക് തെറ്റിയിട്ടില്ലെന്നും വിവാദമാക്കിയത് ഡോക്ടറും സംഘടനയും ആണെന്നുമുള്ള വിലയിരുത്തലിലാണ് സർക്കാർ. അഖിലേന്ത്യാ സർവീസ് ചട്ട പ്രകാരം അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും താമസ സ്ഥലത്തെത്തി ചികിത്സ
നൽകണമെന്നാണ് പറയുന്നതെന്ന വാദമാണ് ഐഎഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടർ കുറ്റക്കാരനാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ചീഫ് സെക്രട്ടറിയെ ജില്ലാ കളക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ കളക്ടർക്കെതിരെ എതെങ്കിലും നടപടിയെടുക്കുന്നത് ഉചിതമല്ല എന്ന നിലപാടാണ് സർക്കാരിനുമുള്ളത്.

വിഷയത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോർട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ കൈമാറും. ഇതിനെ ആശ്രയിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക. കളക്ടർക്കെതിരായ വിമർശനത്തിന് പിന്നാലെ ജോയിന്‍റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിന് ചാർജ് മെമ്മോ നൽകി. നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ജോയിന്‍റ് കൗൺസിൽ കഴിഞ്ഞദിവസം പ്രതിഷേധം ഉയർത്തിയിരുന്നു. ഇതോടെയാണ് റവന്യൂ വകുപ്പ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. എന്തായാലും ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സാ വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.