ട്രഷറി തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണം; വിജിലൻസ് ഡയറക്ടർക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Monday, August 3, 2020

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള മുഴുവന്‍ ട്രഷറി തട്ടിപ്പും  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല വിജിന്‍ലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍  വന്ന ശേഷം  വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണം അപഹരിച്ച  സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്‍പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും,  തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്‍റെയും ട്രഷറി ഡയറക്ടറുടെയും  പങ്കിനെ സംബന്ധിച്ചും അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ സബ്  ട്രഷറിയില്‍ നടന്ന രണ്ട് കോടിയുടെ കുംഭകോണം ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ്.  ഇത് അന്വേഷിക്കാന്‍ ധനവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ നേരത്തെ ഇത്തരത്തില്‍  തട്ടിപ്പ് നടത്തിയാളാണെന്ന് പരാതിയുണ്ട്. ഈ സാചഹര്യത്തില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നടന്ന പണം തിരിമിറിയും പ്രളയ ഫണ്ട് തട്ടിപ്പുള്‍പ്പെടെയുള്ള കുംഭകോണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.