പെഗാസസിലെ വെളിപ്പെടുത്തല്‍; മോദി സര്‍ക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, January 29, 2022

ന്യൂഡല്‍ഹി: മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി. ചാരസോഫ്റ്റ്‍വെയർ പെഗാസസ്  ഇന്ത്യ വാങ്ങി എന്ന ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

2017 ല്‍ ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ അന്വേഷണ റിപ്പോർട്ട്. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.  എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്.

 

https://platform.twitter.com/widgets.js