Malappuram| ടിക്കറ്റില്ലാതെ യാത്ര; പരിശോധനക്കിടെ യുവാവ് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി, ഗുരുതര പരിക്ക്

Jaihind News Bureau
Wednesday, September 10, 2025

 

മലപ്പുറം: ടിക്കറ്റും രേഖകളും പരിശോധിക്കുന്നതിനിടെ ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌കര്‍ (28) ആണ് സാഹസികമായി ട്രെയിനില്‍ നിന്ന് ചാടിയത്.

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് താനൂരില്‍ എത്തിയപ്പോഴാണ് സംഭവം. ടിക്കറ്റും രേഖകളും ആവശ്യപ്പെട്ട് ടി.ടി.ഇ. പിന്തുടര്‍ന്നപ്പോള്‍, നടപടിയെടുക്കുമെന്ന് ഭയന്ന് അഷ്‌കര്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍, താനൂര്‍ ചിറക്കല്‍ ഓവുപാലത്തിന് സമീപത്തു നിന്നാണ് അഷ്‌കറിനെ കണ്ടെത്തിയത്. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഇയാള്‍. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.