വിശ്വാസ്യത വീണ്ടെടുക്കും; ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കും: കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു

Jaihind News Bureau
Saturday, November 15, 2025

തിരുവനന്തപുരം: നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകളും സംഭവങ്ങളും വിശ്വാസികള്‍ക്കിടയില്‍ സങ്കടമുണ്ടാക്കിയിട്ടുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ബോര്‍ഡിന്റെ വിശ്വാസ്യതയില്‍ ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കുന്നതിനും അത്തരം അവസ്ഥ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുവാനുമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ഉറപ്പുനല്‍കി.

ഇപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആവര്‍ത്തിക്കില്ലെന്ന് കെ. ജയകുമാര്‍ ഉറപ്പുനല്‍കി. ‘വിശ്വാസികള്‍ക്കിടയില്‍ ഒരു ക്രൈസിസ് ഉണ്ടെന്നത് വാസ്തവമാണ്. സങ്കടത്തിനിടയായ സാഹചര്യം അതേപടി നിലനില്‍ക്കാന്‍ അനുവദിച്ചുകൂടാ. ഇനി വിശ്വാസം വ്രണപ്പെടില്ല,’ അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടുവരും. ഏതെല്ലാം വഴികളിലൂടെയാണോ വൈകല്യങ്ങള്‍ കടന്നുകയറിയത്, അതെല്ലാം ഇല്ലാതാക്കും. അവിഹിതമായ കാര്യങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരും. എവിടെയൊക്കെയാണ് പിടിമുറുക്കേണ്ടത് അവിടെയൊക്കെ വേണമെങ്കില്‍ പിടിമുറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും കെ. ജയകുമാര്‍ അറിയിച്ചു.