‘ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല’; സിഐടിയു

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ.ദിവാകരൻ. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗണേഷിന്‍റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണം. ഗണേഷിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും. മാന്യമായാണ് മന്ത്രി ആന്‍റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു.