രാഹുലിന്‍റെ വാക്കുകള്‍ ആശയസംപുഷ്ടതയോടെ മലയാളത്തില്‍ മൊഴിമാറ്റി ജ്യോതി താരമായി

ആവേശവും ആശയവും ചോരാതെ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പത്തനാപുരത്തും തിരുവനന്തപുരത്തും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വനിത താരമായി. രണ്ടിടത്തും രാഹുൽ ഗാന്ധിയുടെ തീപ്പൊരി വാക്കുകളെ മലയാളത്തിൽ ആളിക്കത്തിച്ചത് ജ്യോതി വിജയകുമാർ എന്ന അധ്യാപികയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന്‍റെ മകളാണ് ജ്യോതി.

പത്തനാപുരത്തും തിരുവനന്തപുരത്തും തന്നെ കാണാനായി തടിച്ചു കൂടിയ പതിനായിരങ്ങളെ ആവേശത്തോടെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധിക്ക് ലഭിച്ച ഹർഷാരവത്തിന് ഇത്തവണ ഒരു അവകാശി കൂടി ഉണ്ടായി. പൂർണമായും രാഹുൽ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോൾ രാഹുൽ ഗാന്ധിയേക്കാൾ ആവേശത്തോടെയാണ് ജ്യോതി വിജയകുമാർ മലയാളത്തിലേക്ക് വിവർത്തനം ചെയതത്.

തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയായ ജ്യോതിയാണ് ഏതാനും മാസം മുൻപ് രാഹുൽ ഗാന്ധി പങ്കെടുത്ത മത്സ്യത്തൊഴിലാളി സംഗമത്തിലും പ്രസംഗം പരിഭാഷപ്പെടുത്തിയത്. 2016ൽ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതി തന്നെയായിരുന്നു പ്രസംഗം പരിഭാഷപ്പെടുത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ നേടിയ ജ്യോതി മാർ ഇവാനിയോസ് കോളേജിലെ ആദ്യ ചെയർപേഴ്‌സൺ ആയിരുന്നു. പ്രസംഗം നന്നായി മലയാളത്തിലേക്ക് തർജമ ചെയ്ത ജ്യോതിയെ പ്രസംഗ ശേഷം രാഹുൽ ഗാന്ധി അഭിനന്ദിക്കാനും മറന്നില്ല.

Jyothi Vijayakumarrahul gandhi
Comments (0)
Add Comment