ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

ട്രാൻസ്ഗ്രിഡ് അഴിമതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് ഫയൽ ചെയ്യാൻ ഗവർണറുടെ അനുമതി തേടും. ഇത് സംബന്ധിച്ച കത്ത് ഗവർണർക്ക് ഉടൻ നൽകുമെന്നും രമേശ് ചെന്നിത്തല  തിരുവനന്തപുരത്ത് പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രാൻസ്ഗ്രിഡ് ഇടപാടിനെപറ്റിയുള്ള തന്‍റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകാതെ ഉരുണ്ടുകളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് താൻ നിയമ നടപടിക്കൊരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാം നിയമ പ്രകാരമാണ് നടക്കുന്നതെങ്കിൽ സർക്കാർ എന്തിനാണ് സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രത്യേക എൻജിനീയർമാരെ നിയമിച്ചുകൊണ്ട് അടിസ്ഥാന നിരക്കിൽ നിന്ന് 60% ഉയർന്ന നിരക്കിൽ സ്പെഷ്യൽ റേറ്റ് തയ്യാറാക്കി, ഈ തുകയിൽ നിന്നും 80 % വരെ ഉയർത്തിയാണ് കരാർ നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു.

ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റുകൾ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് അനുസരിച്ചാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ജിക്ക് പകരം ഓഡിറ്റ് നടത്തുന്നതിന് വിനോദ് റായിയുടെ കമ്മീഷൻ ഉണ്ടെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ ഈ കമ്മീഷന്‍റെ കാലാവധി കഴിഞ്ഞെന്ന കാര്യം പോലും കിഫ്ബിക്കോ സർക്കാരിനോ അറിയില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Ramesh Chennithalakiifbtransgrid project
Comments (0)
Add Comment