ആലപ്പുഴ: ഗതാഗത നിയന്ത്രണത്തിനിടെ സിപിഎം നേതാവിനോട് ഹെല്‍മറ്റ് വെച്ച് പോകാന്‍ പറഞ്ഞ എസ്.ഐയെ സ്ഥലംമാറ്റാനുള്ള നീക്കം വിവാദമായതിന് പിന്നാലെ റദ്ദാക്കി. സിപിഎം ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗം അഷ്കർ നമ്പലശേരി കായംകുളം എസ്ഐ ജി ശ്രീകുമാറിനെ നടുറോഡില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹെല്‍മറ്റ് വെച്ച് പോകാന്‍ പറഞ്ഞതിനായിരുന്നു സിപിഎം പ്രാദേശിക നേതാവിന്‍റെ ഭീഷണി.
ഗവണ്‍മെന്‍റ് ബോയ്സ് സ്കൂളിന് സമീപത്തെ റോഡിൽ വെള്ളിയാഴ്ച വൈകിട്ടാണ് അഷ്‌കർ നമ്പലശേരിയും എസ്ഐ ശ്രീകുമാറും തമ്മിൽ തർക്കമുണ്ടായത്. സ്കൂളിന്‍റെ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എത്തുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിക്കാൻ എസ്ഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു .ഇതിനിടെ ഹെൽമറ്റ് വെക്കാതെ ബൈക്കിൽ എത്തിയ അഷ്‌കറിനെ പോലീസ് തടഞ്ഞതാണ് തർക്കത്തിൽ കലാശിച്ചത്. പോലീസുദ്യോഗസ്ഥനോട് ധാർഷ്ട്യത്തോടെ സംസാരിച്ച സിപിഎം നേതാവ് ആക്രോശിച്ചുകൊണ്ട് തല്ലാനായി അടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ അഷ്കർ സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരെ പോസ്റ്റിടുകയും ചെയ്തു.
ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്ഐ ശ്രീകുമാറിനെ ഹരിപ്പാട്ടേക്ക് സ്ഥലംമാറ്റി ജില്ലാ പൊലീസ് മേധാവി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സിപിഎം പ്രാദേശിക നേതാവിന്‍റെ ഭീഷണിയുടെ ദൃശ്യങ്ങള്‍ വിവാദമായതോടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/1363251124477391