ഇന്‍ഷുറന്‍സിന്‍റെ മറവിലും വിദേശ ഏജന്‍സിക്ക് ഡാറ്റ കൈമാറ്റം: സംസ്ഥാനത്തെ രോഗികളുടെ ചികിത്സാ വിവരങ്ങള്‍ ജിസ് എന്ന വിദേശ ഏജന്‍സിക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന്‍റെ തെളിവുകള്‍ ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Tuesday, April 14, 2020

 

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ രോഗികളുടെ വിവരം അമേരിക്കന്‍ കമ്പനിക്ക് മറിച്ചുനല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍ ഡാറ്റാ വില്‍പ്പന നേരത്തെയു നടത്തിയിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലാണ് ഈ ഡേറ്റ കൈമാറ്റം. ജര്‍മ്മന്‍ ഏജന്‍സിയായ ‘ജിസി’നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഡാറ്റ കൈമാറ്റം നടത്താന്‍ ഉത്തരവിറക്കിയത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കേന്ദ്രവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് തുടങ്ങയവയുടെ മറവിലായിരുന്നു ഈ ഇടപാട്. ഏകദേശം 41.5 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്ത് ഈ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളത്. ഇവരുടെയെല്ലാം വൈദ്യപരിശോധനാ വിവരങ്ങളും ഇന്‍ഷുറന്‍സ് വിശദാംശങ്ങളും ഉള്‍പ്പെടെ ജര്‍മ്മന്‍ ഏജന്‍സിയായ ജിസിന്റെ കേരളത്തിലെ ഏകോപന ചുമതലയുള്ള പി സുകുമാര്‍ എന്നയാള്‍ക്ക് കൈമാറണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ സുരക്ഷ പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസ് നല്‍കിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 26-നാണ് ഈ കത്ത് അയച്ചിരിക്കുന്നത്.

അതേസമയം, ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉള്‍പ്പെടെയുള്ള വളരെ പ്രധാനപ്പെട്ട വ്യക്തിഗത മെഡിക്കല്‍ ഡാറ്റ ആക്‌സസ് ചെയ്യാന്‍ ഒരു മൂന്നാം കക്ഷിയെ അനുവദിക്കുന്നത്, ആരോഗ്യ ഇന്‍ഷുറന്‍സ് കരാറുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും രോഗികളുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങളും കാറ്റില്‍ പറത്തുന്നതാണ്. മാത്രമല്ല, സര്‍ക്കാരും ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാവും തമ്മിലുള്ള കരാര്‍ ലംഘനം കൂടിയാണിതെന്നും വിലയിരുത്തപ്പെടുന്നു.

റിലയിന്‍സിനാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേരളത്തിലെ കരാര്‍ നല്‍കിയിരിക്കുന്നത്. ആരോഗ്യം, ചികിത്സ, പണമടയ്ക്കല്‍ തുടങ്ങി രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യമായി കണക്കാക്കണമെന്ന് നിബന്ധന നിലനില്‍ക്കെയാണ് ഇത്തരത്തില്‍ മൂന്നാമതൊരു ഏജന്‍സിക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ അവസരമൊരുക്കുന്നത്. ഇത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.