ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേർ മരിച്ചു. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ചാണ് വൻ ദുരന്തമുണ്ടായത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ച് 15 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഈ ബോഗികളിലേക്ക് ബംഗളുരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയും ചെയ്തു. സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസാണ് പാളം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറിയത്. ഹൗറ എക്സ്പ്രസിന്‍റെ രണ്ടു ബോഗികളും പാളം തെറ്റി.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്.
നിരവധി പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ 350 ലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും സൂചനയുണ്ട്. രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിരക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി പ്രത്യേക സംഘത്തെ ഒഡീഷയിലേക്ക് അയച്ചു.