ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു; ആദ്യം കടത്തിവിട്ടത് മലബാർ എക്സ്പ്രസ്

Jaihind Webdesk
Saturday, February 12, 2022

 

തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. പാളം ശരിയാക്കിയതിന് ശേഷം മലബാര്‍ എക്സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. വേഗം കുറച്ചാണ് നിലവില്‍ ട്രെയിനുകള്‍ കടത്തിവിടുന്നത് .

ഇന്ന് 9 ട്രെയിനുകൾ പൂർണ്ണമായും അഞ്ച് എണ്ണം ഭാഗികമായും റദ്ദാക്കിയിരുന്നു. ചില ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. ഇന്ന് രാവിലെ പാളം തെറ്റിയ സ്ഥലത്ത് നിന്ന് എഞ്ചിനും നാല് ബോഗികളും മാറ്റി. തുടർന്ന് പുതിയ പാളം ഘടിപ്പിക്കുന്ന പണികളും പൂർത്തിയാക്കി. അപകടത്തെ തുടർന്ന് ഇന്നലെ മുതൽ ചാലക്കുടിക്കും ഒല്ലൂരിനും ഇടയിൽ ഒറ്റവരിയിലൂടെയാണ് ഗതാഗതം സാധ്യമായിരുന്നത്.

രാവിലെ ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ , തിരുവനന്തപുരം- എറണാകുളം, ഷൊർണൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ ആകെ ഒമ്പത് ട്രെയിനുകൾ പൂർണ്ണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ട്രെയിനുകൾ റദ്ദാക്കപ്പെട്ട പശ്ചാതലത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആലപ്പുഴയിൽ നിന്നും ആറും സർവീസുകൾ വീതവും നിലവിൽ നടത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലമായതിനാൽ വേഗം കുറച്ചാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.