തിരുവനന്തപുരം :കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി പിടിയില്‍. ഷാറൂഖ് സെയ്ഫിയാണ് പോലീസ് പിടിയിലായത്. മഹാരാഷ്ട്രയില്‍ നിന്നും മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായിരിക്കുന്നത്.
രാജ്യത്തെ ഞെട്ടിച്ച എലത്തൂരിലെ ട്രെയിന്‍ തീവെപ്പ് കേസില്‍ മൂന്ന് പേര് മരിക്കുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് നാലാം നാളാണ് പ്രതി പിടിയിലായിരിക്കുന്നത്. ഇയാള്‍ കസ്റ്റഡിയിലെന്ന് പലതവണ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ഇന്നലെ രാത്രിയോടെയാണ് പ്രതി കസ്റ്റഡിയിലായത്. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്.