മിഷോങ് ചുഴലിക്കാറ്റ്; 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കി

Sunday, December 3, 2023

ചെന്നൈ: തമിഴ്‌നാട്ടിൽ വീശിയടിച്ചേക്കാവുന്ന ‘മിഷോങ്’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ. ബുധനാഴ്ചത്തെ എറണാകുളം-ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന നാഗർകോവിൽ എക്സ്പ്രസും റദ്ദാക്കി.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ വടക്കൻ തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യത.

കനത്ത മഴയെത്തുടർന്ന് ചെന്നൈ അടക്കം 4 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.