ദസറ ആഘോഷത്തിനിടെ ട്രെയിൻ പാഞ്ഞുകയറി അറുപതിലേറെ പേർ മരിച്ചു

Jaihind Webdesk
Saturday, October 20, 2018

പഞ്ചാബിൽ ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതു കാണാൻ ട്രാക്കിൽ നിന്നവർക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി അറുപതിലേറെ പേർ മരിച്ചു. പഠാൻകോട്ടിൽ നിന്ന് അമൃത്സറിലേക്കു വരികയായിരുന്ന ജലന്ധർ എക്‌സ്പ്രസാണ് അപകടത്തിന് കാരണമായത്. നിരവധിപ്പേർക്ക് പരിക്കേറ്റു.

ദസറ ആഘോഷത്തിന്‍റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തിൽ നിന്നവർക്കിടയിലേക്കാണ് ട്രെയിൻ ഇടിച്ചു കയറിയത്. ഒട്ടേറെ പേർ പാളത്തിൽ നിന്ന് മൊബൈലുകളിൽ ആഘോഷച്ചടങ്ങുകൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വന്നത് അറിയാത്തതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അഞ്ഞൂറിലധികം പേർ പാളത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. പാളത്തിലേക്ക് ആരും കടക്കാതിരിക്കാൻ സമീപത്തെ റെയിൽവേ ഗേറ്റും അടച്ചിട്ടിരുന്നു. ഇതും ആൾക്കൂട്ടം ചാടിക്കടന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.