കടലിൽ കുളിക്കാനിറങ്ങി; അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jaihind Webdesk
Monday, May 6, 2024

കന്യാകുമാരി: ഗണപതിപുരത്ത് 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്‍റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ഡിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് ഇവർ ബീച്ചിൽ എത്തിയത്. തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ.