ഗതാഗത നിയമലംഘനം : പിഴത്തുകകള്‍ കുറച്ചു

Jaihind Webdesk
Wednesday, October 23, 2019

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ സംസ്ഥാന സർക്കാർ കുറച്ചു. കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ഭൂരിപക്ഷം പിഴത്തുകയും പകുതിയായി കുറയും. ഗതാഗത വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

ഗതാഗത വകുപ്പിന്‍റെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് ഗതാഗത ലംഘനത്തിനുള്ള പിഴത്തുക തുറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക്
500 രൂപ നൽകിയാൽ മതിയാകും. ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴത്തുക. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. അമിത വേഗതയ്ക്ക് ആദ്യ നിയമ ലംഘത്തിന് 1,500 രൂപയാണ് പുതിയ പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ 3,000 രൂപ ഈടാക്കും. അമിതഭാരം കയറ്റലിന് 20,000 രൂപയില്‍ നിന്ന് 10,000 രൂപയായി പിഴ കുറച്ചു. അതേസമയം മദ്യപിച്ചുള്ള ഡ്രൈവിംഗിനുള്ള പിഴത്തുക കേന്ദ്ര നിയമത്തിലുള്ള അതേപടി തുടരുമെന്നാണ് റിപ്പോര്‍ട്ട്. 18 വയസില്‍ താഴെയുള്ളവര്‍ വാഹനമോടിച്ചാലുള്ള പിഴയിലും കുറവില്ല. പിഴത്തുക സംബന്ധിച്ച് അന്തിമ വിജ്ഞാപനം സര്‍ക്കാർ പുറത്തിറക്കും.

നേരത്തെ കേന്ദ്ര നിയമം നടപ്പാക്കി സംസ്ഥാനത്ത് വിജ്ഞാപനം ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അതില്‍ എങ്ങനെ മാറ്റം വരുത്താനാവുമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. വിജ്ഞാപനം പിന്‍വലിക്കാനാവുമോയെന്ന് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേന്ദ്രം പ്രഖ്യാപിച്ച ഉയർന്ന പിഴത്തുക കുറയ്ക്കുമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ചില സംസ്ഥാനങ്ങള്‍ പിഴത്തുക കുറയ്ക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പിഴ ഈടാക്കുന്നത് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.