വയനാട് താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. ഇന്ന് രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ മാറ്റം വരുത്തുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു.
ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കഴിഞ്ഞ ദിവസമാണ് കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഗതാഗതം നിലച്ചത്. ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനമായത്. ഇന്നലെ വൈകിട്ടും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.
ഇന്നലെ ഏഴുമുതല്‍ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് വിദഗ്ധസംഘം മുകള്‍ഭാഗത്തെത്തി പരിശോധന നടത്തുകയായിരുന്നു.