രാഷ്ട്രപതിക്കായി ഗതാഗത നിയന്ത്രണം ; ഉത്തര്‍പ്രദേശില്‍ ചികിത്സ ലഭിക്കാതെ സ്ത്രീക്ക് ദാരുണാന്ത്യം

Jaihind Webdesk
Saturday, June 26, 2021

 

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രിയാണ്  കാണ്‍പൂരിലെത്തിയത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര എന്ന അമ്പതുകാരിക്കാണ് ദുര്യോഗമുണ്ടായത്. ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങേണ്ടിവരികയായിരുന്നു. കൊവിഡാനന്തര ബുദ്ധിമുട്ടുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ്  അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാനായി കൊണ്ടുപോകവെയാണ് ഗതാഗതനിയന്ത്രണത്തില്‍ അകപ്പെട്ടത്.

സംഭവത്തില്‍ യു.പി പൊലീസ് മാപ്പ് ചോദിച്ചു. കാണ്‍പുര്‍ പോലീസിനുവേണ്ടിയും വ്യക്തിപരമായും താന്‍ മാപ്പുചോദിക്കുന്നതായി  പോലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും അസിം ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.