‘വ്യാപാരികളെ പൂര്‍ണ്ണമായും ഒഴിവാക്കി, നികുതി പിരിക്കാനുള്ളവരായി മാത്രം കണ്ടു’ ; ബജറ്റിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

Friday, June 4, 2021

 

കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ വ്യാപാരികളെ പരിഗണിച്ചില്ലെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സര്‍ക്കാര്‍ കണ്ടു എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസറുദ്ദീന്‍ ആരോപിച്ചു.

ബജറ്റ് നിരാശജനകമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കാനോ ചെറുപ്പക്കാരെ ആകർഷിക്കാനോ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കൊവിഡ് വന്നപ്പോഴും അനിശ്ചിതത്വത്തിലായത് വ്യാപാരികളാണ്. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ആനുകൂല്യങ്ങൾ വാരികോരി കൊടുത്തപ്പോൾ വ്യാപാരികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട് ഉടൻ തന്നെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും ടി നസറുദ്ദീൻ വ്യക്തമാക്കി.

ബജറ്റില്‍ പരിഗണിക്കാതെ നികുതി പിരിക്കാനുള്ളവരായി മാത്രമായാണ് വ്യാപാരികളെ സര്‍ക്കാര്‍ കണ്ടത്. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികള്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ വ്യാപാരികളെ സഹായിച്ചില്ല. വ്യാപാര മേഖലയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. കൊവിഡ് കാലത്ത് വ്യാപാരികള്‍ കടകളടച്ച്‌ സര്‍ക്കാരിനെ പൂര്‍ണ്ണമായും സഹായിച്ചു. എന്നിട്ടും വ്യാപാരികളെ ബജറ്റിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി.