പാക് അധിനിവേശ കശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ

ജമ്മു-കശ്മീര്‍: പാക് അധിനിവേശ കശ്മീരിലെ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് ഇന്ന് മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. നിയന്ത്രണരേഖയിലെ വ്യാപാരപാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

ജമ്മു-കശ്മീരിലെ നിയന്ത്രണരേഖക്ക് ഇരുപുറവുമുള്ള ആളുകള്‍ തമ്മില്‍ പൊതുവായ ഉപയോഗത്തിനുള്ള സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുവേണ്ടിയാണ് വ്യാപാര സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വ്യാപാരത്തിന്‍റെ പേരിൽ പാകിസ്ഥാൻ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറൻസി വിതരണം എന്നിവ നടത്തുന്നെന്ന റിപ്പോർട്ടുകളാണ് വിലക്കിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാൻ കശ്മീരിലെ ഭീകരവാദ സംഘങ്ങൾക്ക് വൻ തോതിൽ ചൈനീസ് നിർമിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ പാകിസ്ഥാൻ വിതരണം ചെയ്ത 70 ചൈനീസ് ഗ്രനേഡുകൾ കശ്മീരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകർക്കാൻ ശേഷിയുള്ള സ്ഫോടനശേഖരമാണ് ഭീകരവാദ സംഘങ്ങളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇതിൽ മാരക പ്രഹരശേഷിയുള്ള തോക്കുകളും ഷെല്ലുകളും ബോംബുകളും ഉള്‍പ്പെടുന്നു. കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പുകൾക്ക് നേരെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണ് വിവിധ തീവ്രവാദ സംഘങ്ങൾ ഗ്രനേഡ് ആക്രമണം നടത്തിയത്.

Jammu-Kashmirline of control
Comments (0)
Add Comment