
ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ജ്യോതി ബാബുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചാണ് കോടതിയുടെ നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതി ബാബു സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ ജ്യോതി ബാബു ഡയാലിസിസിന് വിധേയനാണെന്നും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെച്ചു. സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്.
ജ്യോതി ബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതിയുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നേരത്തെ ജ്യോതി ബാബുവിനെ ശിക്ഷിച്ചിരുന്നത്.