KODI SUNI| ടി പി വധക്കേസ്: വ്യവസ്ഥകള്‍ ലംഘിച്ചു; പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി

Jaihind News Bureau
Friday, August 1, 2025

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 15 ദിവസത്തെ പരോളില്‍ ഇറങ്ങിയ സുനിയെ തിരികെ ജയിലിലെത്തിച്ചു.

പരോള്‍ വ്യവസ്ഥ പ്രകാരം, മീനങ്ങാടി സ്റ്റേഷന്‍ സി.ഐ.ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊടി സുനി ഈ വ്യവസ്ഥ പാലിച്ചില്ലെന്ന് സി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരോള്‍ കാലയളവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കാന്‍ സുനിക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, സുനി സംസ്ഥാനത്തിന് പുറത്തായിരുന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും പരോള്‍ റദ്ദാക്കാന്‍ കാരണമായി.

അമ്മയുടെ അസുഖം കാരണം വയനാട്ടിലെ മീനങ്ങാടിയില്‍ താമസിക്കാനാണ് പരോള്‍ അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊടി സുനി അവിടെ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ജൂലൈ 21-നാണ് അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. വിചാരണ നടപടികള്‍ക്കായി തലശ്ശേരി കോടതിയില്‍ ഹാജരാകാന്‍ മാത്രമാണ് കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്.

സുനിക്ക് കോടതിയില്‍ എക്‌സ്‌പോര്‍ട്ട് പോയ മൂന്നു പോലീസുകാരെ മദ്യപിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു എന്ന പരാതിയില്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ എയര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്ക് പോകും വഴിയായിരുന്നു സംഭവം. തലശ്ശേരി കോടതിക്ക് മുന്‍പിലുള്ള വിക്ടോറിയ ബാറില്‍ നിന്നാണ് കൊടി സുനി മദ്യപിച്ചത്. കഴിഞ്ഞ ജൂണ്‍ 17നാണ് സംഭവം. ഈ സമയം പരോളില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നു പോലീസുകാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.