ടി.പി. ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളെ വിട്ടയക്കാന്‍ സർക്കാർ നീക്കം, ഗുരുതരമായ കോടതിയലക്ഷ്യം, കെ.കെ. രമ

Jaihind Webdesk
Saturday, June 22, 2024

 

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം. ടി.കെ. രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് റിപ്പോർട്ട് തേടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിന് കത്ത് നൽകിയത്. ഈ കത്തിന്‍റെ പകർപ്പാണ് പുറത്തുവന്നത്. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്‍റെ നീക്കം.

അതേസമയം ഹൈക്കോടതി വിധി മറി കടന്ന് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി എംഎൽഎയും ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ.കെ. രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെ.കെ. രമ പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.കെ. രമ പ്രതികരിച്ചു.  കേസില്‍ ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.  ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് പ്രതികൾക്ക് അർഹതയില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്നും തിരുവഞ്ചൂർ പറഞ്ഞു.