സ്കൂൾ കുട്ടികൾക്കായി സർക്കാർ വിതരണം കപ്പലണ്ടി മിഠായിയിൽ വിഷാംശം

Jaihind Webdesk
Tuesday, November 9, 2021

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്കൂൾ കുട്ടികൾക്കായി വിതരണം ചെയ്ത കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തി. മിഠായിയുടെ സാംപിൾ പരിശോധനയിൽ പൂപ്പലിൽ നിന്ന് ഉണ്ടാകുന്ന വിഷാംശമാണ് കണ്ടെത്തിയത്. സർക്കാർ അനലിറ്റിക് ലാബിലെ പരിശോധനയിലാണ് അഫ്ലോടോക്സീൻ ബി 1 എന്ന വിഷാംശം കണ്ടെത്തിയത്. പരിശോധനാ റിപ്പോർട്ടിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സ്കൂൾ വിദ്യാർഥികൾക്കു ‘ഭക്ഷ്യ ഭദ്രതാ അലവൻസ്’ ഭക്ഷ്യ കിറ്റുകളായി നൽകുന്ന സർക്കാർ പദ്ധതിയിലൂടെ വിതരണം ചെയ്തത് നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്.തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിലെ പരിശോധനയ്ക്കു ലഭിച്ച ഒരു സാംപിളിലാണു പൂപ്പലിൽ നിന്ന് ഉണ്ടാകുന്ന അഫ്ലോടോക്സിൻ ബി1 എന്ന വിഷാംശം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയത്. ഇതു കഴിക്കാൻ സുരക്ഷിതമല്ലെന്നതിനു പുറമേ ബാച്ചും നമ്പറും മറ്റും പായ്ക്കറ്റിൽ രേഖപ്പെടുത്താത്തതിനാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നും ലാബ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സപ്ലൈകോയ്ക്കായിരുന്നു 30 ലക്ഷത്തോളം കുട്ടികൾക്കുള്ള കിറ്റ് വിതരണച്ചുമതല.തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിയിലെ ഒരു സ്ഥാപനം നിർമിച്ചു വിതരണം ചെയ്ത 100 ഗ്രാം കപ്പലണ്ടി മിഠായിയുടെ പായ്ക്കറ്റാണ് ലാബിൽ പരിശോധിച്ചത്. 15.70 രൂപയായിരുന്നു ഒരു പായ്ക്കറ്റ് കപ്പലണ്ടി മിഠായിയുടെ വില. വിപണിയിൽ ഇതേ തുകയ്ക്ക് ഇതിലും കൂടുതൽ അളവിലുള്ള പായ്ക്കറ്റ് ലഭിക്കുമ്പോഴാണു തമിഴ്നാട്ടിൽ നിന്നു ടെൻഡർ വഴി സപ്ലൈകോ വിതരണക്കാരനെ കണ്ടെത്തിയതെന്നും ആരോപണമുണ്ട്. അഫ്ലോടോക്സീൻ ബി 1 കുട്ടികളിലെ വളർച്ച തടയുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യും.

വൃത്തിയില്ലാത്തതും ഈർപ്പമുള്ളതുമായ സാഹചര്യത്തിലാണു കപ്പലണ്ടി പോലുള്ള പദാർഥങ്ങളിൽ അഫ്ലോടോക്സിൻ ഉണ്ടാകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോടികൾ ചിലവഴിച്ച് വിദ്യാർഥികൾക്കായി കിറ്റ് ഒരുക്കുന്ന സംസ്ഥാനസർക്കാർ, ഭക്ഷ്യവസ്തുക്കളുടെ നിലവാരം കൂടി ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.