ദുബായ് : യുഎഇയിലേക്ക് ഓഗസ്റ്റ് 30 തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വീസക്കാര്‍ക്ക് നേരിട്ട് പ്രവേശനം
അനുവദിക്കാന്‍ തീരുമാനായി. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇപ്രകാരം പ്രവേശനം അനുവദിക്കുക. യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഇത്തരത്തില്‍ പ്രവേശനം അനുവദിക്കും.
യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് , ദേശീയ ദുരന്ത നിവാരണ സമിതി എന്നിവ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഇത്തരത്തില്‍ പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ഇതോടെ, മലയാളികളടക്കം ഒട്ടേറെ പേര്‍ക്ക് ഈ തീരുമാനം ഗുണകരമാകും. അതേസമയം, നേരത്തെ സന്ദര്‍ശക വീസയെടുത്ത് യാത്രാ വിലക്ക് മൂലം യുഎഇയിലേയ്ക്ക് വരാന്‍ സാധിക്കാതെ കാത്തിരിക്കുന്ന നിരവധി പേര്‍ ഇന്ത്യയിലുണ്ട്. ഇവരുടെ വീസയുടെ കാലാവധി നീട്ടിക്കൊടുക്കുമോ എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. താമസ വീസക്കാര്‍ക്ക് സമയം നീട്ടി നല്‍കിയ പോലെ സന്ദര്‍ശക വീസക്കാര്‍ക്കും ഇളവ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനേഷനുകളായ മോഡേണ, ഫൈസര്‍-ബയോടെക് , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്ര സെനേക, കോവിഡ്ഷീല്‍ഡ് (ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്രസെനേക ഫോര്‍മുലേഷന്‍), സിനോഫാം, സിനോവാക് കൊറോണ എന്നിവയാണ്. ഇതില്‍ കോവിഷീല്‍ഡാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. അതേസമയം, സെപ്റ്റംബര്‍ മുതല്‍ യുഎഇ വിപണി കൂടുതല്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ഉണര്‍വ് സര്‍വ മേഖലകളിലും പ്രകടമായി തുടങ്ങിയെന്ന് വ്യാപാര സമൂഹം പ്രതികരിച്ചു