ഹിമാചല്‍ പ്രദേശിലെ ഇന്ദ്രുനാഗില്‍ പാരാഗ്ലൈഡര്‍ തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ആഹമ്മദാബാദ് സ്വദേശിയായ ഇരുപത്തഞ്ചുകാരന്‍ സതീഷ് രാജേഷ് ഭായ് ആണ് മരിച്ചത്.
ധര്‍മ്മശാലയുടെ പ്രാന്തപ്രദേശത്താണ് ഇന്ദ്രുനാഗ് പാരാഗ്ലൈഡിംഗ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. ടേക്ക് ഓഫിനിടെ ഗ്ലൈഡര്‍ വായുവിലേക്ക് ഉയര്‍ത്താന്‍ കഴിയാതെ വരുകയും തുടര്‍ന്ന് തകര്‍ന്നു വീഴുകയുമായിരുന്നുവെന്ന് കാംഗ്ര ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഹിതേഷ് ലഖന്‍പാല്‍ പറഞ്ഞു. സംഭവത്തില്‍ പാരാഗ്ലൈഡറിന്റെ പൈലറ്റ് സൂരജിനും പരിക്കേറ്റിട്ടുണ്ട്.
തലയ്ക്കും വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ സതീഷിനെ ആദ്യം ധര്‍മ്മശാല സോണല്‍ ആശുപത്രിയലും പിന്നീട് ടാന്‍ഡ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എന്നാല്‍ രാത്രിയോടെ മരിക്കുകയായിരുന്നു. സൂരജ് കാംഗ്രയിലെ ബാല ജി ആശുപത്രിയില്‍ ചികിത്സയിലാണ്. സതീഷിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൈമാറുമെന്നും അഡീഷണല്‍ എസ്പി ലഖന്‍പാല്‍ പറഞ്ഞു.
ആറ് മാസത്തിനിടെ ഇന്ദ്രുനാഗില്‍ നടന്ന രണ്ടാമത്തെ പാരാഗ്ലൈഡിംഗ് അപകടമാണിത്. ജനുവരിയില്‍ അഹമ്മദാബാദില്‍ നിന്നുള്ള 19 കാരിയായ ഭാവ്‌സര്‍ ഖുഷി, ഗ്ലൈഡര്‍ തകര്‍ന്ന് മരിച്ചിരുന്നു. രണ്ട് കേസുകളിലും പാരാഗ്ലൈഡിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ സാധ്യതകളെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഡീഷണല്‍ എസ്പി പറഞ്ഞു.മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 15 വരെ കാംഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹൈംരാജ് ബൈര്‍വ ജില്ലയിലുടനീളം പാരാഗ്ലൈഡിംഗ് പൂര്‍ണ്ണമായും നിരോധിച്ചു.