മുഖ്യമന്ത്രിക്കും ശിവന്‍കുട്ടിക്കും മുന്നേ മന്ത്രി റിയാസ് യൂറോപ്പിലേക്ക് പറക്കും; ടൂറിസം അജണ്ട

Jaihind Webdesk
Tuesday, September 13, 2022

തിരുവനന്തപുരം:  മന്ത്രി പി.എ മുഹമ്മദ് റിയാസും യൂറോപ്യന്‍ സന്ദര്‍ശനത്തിന്. ഈ മാസം 19നാണ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫ്രഞ്ച്‌ തലസ്ഥാനമായ പാരീസിലേക്ക് തിരിക്കും. മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റേയും യൂറോപ്പ് യാത്രയ്ക്ക് മുമ്പാണ് റിയാസ് പാരീസിലേക്ക് പറക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട അജണ്ടയിലാണ് റിയാസിന്‍റെ യാത്ര.

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യൂറോപ്പ് സന്ദർശനത്തിന് ഒരുങ്ങുന്നത്. വിദ്യാഭ്യാസം, നിക്ഷേപ ആകര്‍ഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വിദേശ യാത്ര. ബ്രിട്ടണ്‍, ഫിൻലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിലാണ് സംഘം സന്ദർശനം നടത്തുന്നത്. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതിക്കായി പൊതു ഭരണ വകുപ്പ് നടപടികൾ ആരംഭിച്ചു. സംഘത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമുണ്ട്. ചീഫ് സെക്രട്ടറി വി.പി ജോയ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ള മറ്റ് അംഗങ്ങൾ. വിദ്യാഭ്യാസ മേഖലയിലെ സഹകരണം അടക്കം ചർച്ച ചെയ്യുന്നതിനാണ് ഫിൻലന്‍ഡ് സന്ദർശനം. മുമ്പ് ഫിൻലന്‍ഡ് സർക്കാർ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനം എന്നാണ് സർക്കാരിന്‍റെ വിശദീകരണം.

ധനമന്ത്രി കെ.എന്‍ ബാലോഗാപാലും വ്യവസായ മന്ത്രി പി രാജീവും ഉള്‍പ്പെട്ട സംഘമാകും ബ്രിട്ടണില്‍ സന്ദര്‍ശനം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരുടെ വിദേശയാത്രകള്‍ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നതാണെന്നും അധികം ചെലവില്ലെന്നുമായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ പ്രതികരണം.