ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ സര്‍ക്കാര്‍ തലവന്‍ ഇസ്സാം അല്‍-ദാലിസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെയാണ് പുതിയ സംഘര്‍ഷം. ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മ അറിയിച്ചതോടെ ഇസ്രായേല്‍ സൈന്യം സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ബന്ദികളായി ശേഷിക്കുന്ന ഇസ്രായേലികളെ മോചിപ്പിക്കാന്‍ ബലപ്രയോഗം നടത്തുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
സര്‍ക്കാര്‍ തലവന്‍ ഇസ്സാം അല്‍-ദാലിസിനു പുറമേ ഗാസയിലെ ആഭ്യന്തര മന്ത്രാലയ മേധാവി മഹ്മൂദ് അബു വത്ഫയും ആഭ്യന്തര സുരക്ഷാ സേവന ഡയറക്ടര്‍ ജനറല്‍ ബഹ്ജത്ത് അബു സുല്‍ത്താനും കുടുംബവും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് ഹമാസിന്റെ സ്ഥിരീകരണം. ഇസ്രയേല്‍ ഇവരുടെ മരണവിവരം നേരത്തേ പുറത്തു വിട്ടിരുന്നു.
ആക്രമണങ്ങളില്‍ 413 പേര്‍ കൊല്ലപ്പെട്ടതായും, പരിക്കേറ്റവരില്‍ പലരും കുട്ടികളാണെന്നും പലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു, ഇത് ഗാസയില്‍ അവശേഷിക്കുന്ന 59 ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലാക്കുമെന്നും ഹമാസ് അറിയിച്ചു. പുലര്‍ച്ചെ മുതലാണ് ഗാസയില്‍ തുടര്‍ച്ചയായ ആക്രമണം ഉണ്ടായത് . ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭാ മേഖലാ കോര്‍ഡിനേറ്റര്‍ മുഹന്നദ് ഹാദി ആവശ്യപ്പെട്ടു