ഇന്നലെ പിടിയിലായ ലഷ്കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു

Jaihind Webdesk
Tuesday, June 29, 2021

ശ്രീനഗർ : ഇന്നലെ സൈന്യത്തിന്‍റെ പിടിയിലായ ലഷ്കർ ഇ തയ്ബ കമാൻഡർ നദീം അബ്രാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.  മറ്റൊരു പാക് ഭീകരനെയും വധിച്ചതായി പൊലീസ് അറിയിച്ചു. ആയുധങ്ങൾ കണ്ടെടുക്കാൻ പോകുമ്പോൾ അബ്രാറിന്‍റെ കൂട്ടാളി വെടിയുതിർക്കുകയായിരുന്നു. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.

ശ്രീനഗറിലെ  പരിംപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്രാർ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി നദീം അബ്രാർ വെളിപ്പെടുത്തിയതിന് പിന്നാലെ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. അബ്രാറുമായി സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. ഇയാളെയും വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മേഖലയില്‍ പാക് ഭീകരസാന്നിധ്യം വീണ്ടും തലവേദന ഉയര്‍ത്തുകയാണ്. ജമ്മു വ്യോമതാവളത്തിലെ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ പുല്‍വാമയില്‍ ഒരു പൊലീസുദ്യോഗസ്ഥനെയും കുടുംബത്തെയും വധിച്ചിരുന്നു. ലഷ്കര്‍ ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് വീണ്ടും സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ അതീവ ജാഗ്രതയാണ് മേഖലയില്‍ പുലര്‍ത്തുന്നത്.