‘കണ്ണൂരിലെ ഉന്നത സിപിഎം നേതാക്കള്‍ക്ക് കള്ളക്കടത്തുമായി ബന്ധം’ : സതീശന്‍ പാച്ചേനി

Jaihind Webdesk
Thursday, July 1, 2021

കണ്ണൂര്‍ : കളളക്കടത്ത് സംഘങ്ങൾക്ക് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ സ്വർണ്ണ പരിശോധകരുമായുള്ള ബന്ധം ആഴത്തിൽ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. കണ്ണൂരിലെ ഉന്നത സിപിഎം നേതാക്കൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും സതീശൻ പാച്ചേനി. കള്ളപ്പണം വെളുപ്പിക്കാൻ ഈ ബന്ധം പ്രയോജനപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം ആരോപിച്ചു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി സിപിഎം പ്രവർത്തകർക്കുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തിലാണ് സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി രംഗത്ത് വന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും പുറമെ അവരുടെ സുഹൃത്തായ മുൻ ഡിവൈഎഫ്ഐ നേതാവിന്‍റെ പങ്കും പുറത്ത് വന്നിരിക്കുകയാണ്. സ്വർണ്ണ കടത്ത് ക്വട്ടേഷൻ സംഘം സ്വർണ്ണ കടത്ത് പൊട്ടിച്ചതിന്‍റെ ഒരു പങ്ക് പാർട്ടിക്ക് നൽകാറുണ്ടെന്ന ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കളളക്കടത്ത് സംഘങ്ങൾക്ക് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ സ്വർണ്ണ പരിശോധകരുമായുള്ള ബന്ധം ആഴത്തിൽ അന്വേഷിക്കണമെന്ന്  സതീശൻ പാച്ചേനി ആവശ്യപ്പെട്ടു

കണ്ണൂരിലെ ഉന്നത സിപിഎം നേതാക്കൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും സതീശൻ പാച്ചേനി പറഞ്ഞു. സ്വർണ്ണ കടത്ത് കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.