സൈനിക ദൗത്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്: സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കൊട്ടിഘോഷിക്കുന്നത് ഗുണം ചെയ്യില്ലെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച കൊട്ടിഘോഷങ്ങള്‍ രാജ്യത്തിന്റെ നല്ലതിനല്ലെന്ന് മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാണ്ടല്‍ ലഫ്.ജനറല്‍ ഡി.എസ്.ഹൂഡ. 2016ല്‍ നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ ആര്‍മി നടത്തിയ ദൗത്യത്തില്‍ പങ്കാളിയായിരുന്നു ഇദ്ദേഹം. സൈനിക ദൗത്യങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതിര്‍ത്തി കടന്നുളള ദൗത്യങ്ങളുടേയും സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടേയും പ്രസക്തി’ എന്ന വിഷയത്തില്‍ സൈനിക സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവത്കരിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത്തരം വീരവാദങ്ങള്‍ നമുക്ക് സഹായകമായിരുന്നോ? പൂര്‍ണമായും അല്ലെന്നാണ് എന്റെ ഉത്തരം. സൈനിക നീക്കങ്ങളെ രാഷ്ട്രീയപരമായി അവതരിപ്പിക്കുന്നത് നല്ലതല്ല. വിജയകരമായ ഒരു ദൗത്യത്തെ കുറിച്ച് വീരവാദം മുഴക്കിയാല്‍, ആ ദൗത്യത്തിന് അത് തലച്ചുമടായിരിക്കും,’ ഹൂഡ പറഞ്ഞു.

‘അടുത്ത തവണ അപ്പോള്‍ എത്ര മാത്രം നഷ്ടമുണ്ടായെന്ന് നമ്മള്‍ കണക്ക് നോക്കും. കാരണം അത് അത്രയും കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ വിജയകരല്ല പുതിയ ദൗത്യം എങ്കില്‍ എന്തായിരിക്കും സ്ഥിതി? അത് ഭാവിയില്‍ നേതൃത്വത്തിനും നിലനില്‍പ്പിനേയും അപകടത്തിലാക്കും. ഒച്ചപ്പാടുകളില്ലാതെയാണ് ഓപ്പറേഷന്‍ നടത്തിയതെങ്കില്‍ അതായിരിക്കും നല്ലത്,’ ഹൂഡ കൂട്ടിച്ചേര്‍ത്തു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിക്ക് എതിരായ പരോക്ഷ പ്രകടനമാണ് ഹൂഡ നടത്തിയത്.

Comments (0)
Add Comment