ഇന്ത്യ ഇംഗ്ലണ്ട് ടി- 20 യിലെ അവസാന മൽസരം നാളെ വൈകുന്നേരം മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുനത്. ഇന്നലെ നാലാമത്തെ മൽസരത്തിലും ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ച് മൽസരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഇപ്പോള്‍ 3-1 ന് മുന്നിലാണ്. നാളത്തെ മൽസരവും കൂടി ജയിച്ച് പരമ്പര കൂടുതലായി സ്വന്തമാക്കാനാവും ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ മൽസരത്തിൽ കളിക്കാന്‍ സാധിക്കാതെ പോയ സ്റ്റാർ പേസർ മുഹമ്മദ് ഷമി നാളെ ടീമിൽ തിരിച്ചെത്തും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഷമി ടീമിൽ കളിക്കും. നാളത്തെ അവസാന ടി- 20 മൽസരത്തിൽ ഷമിക്ക് അവസരം നൽകി ഫോമിലേക്ക് കൊണ്ടുവരാനാകും ടീമിന്‍റെ ശ്രമം.
ഒരുപാട് പ്രതീക്ഷകള്‍ നല്‍കി കളിക്കാനിറങ്ങിയ സഞ്ജു സാംസൺ എല്ലാ മൽസരങ്ങളിലും നിരാശപ്പെടുത്തുകയാണ് ചെയ്തത്. 26, 5, 3, 1 എന്നിങ്ങനെയാണ് സഞ്ജുവിന്‍റെ റൺസ് നില . ആർച്ചറിന് മുന്നിൽ തുടർച്ചയായി 3 തവണയാണ് സഞ്ജു കീഴടങ്ങിയത്. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും സഞ്ജു ഇന്നലെ മോശം പ്രകടനമാണ് കാഴ്ച വച്ചത്. പത്തൊമ്പതാം ഓവറിലെ ഒരു ക്യാച്ച് സഞ്ജു നഷ്ടപ്പെടുത്തി. മോശം ഫോമിൽ ആണെങ്കിലും നാളത്തെ മൽസരത്തിലും സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകും. ഓപ്പണറായി അഭിഷേക് ശർമയോടൊപ്പമാകും സഞ്ജു ഇറങ്ങുക. ഈ മൽസരത്തിലും തിളങ്ങാനായില്ലെങ്കിൽ സഞ്ജുവിന്‍റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് ഇനി പ്രയാസമാകും. അതിനാല്‍ നന്നായി കളിക്കുക എന്നത് സഞ്ജുവിന് നിർണായകമാണ്.