Paliyekkara Toll Plaza| പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു; സെപ്റ്റംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍

Jaihind News Bureau
Sunday, August 31, 2025

 

ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ത്തിവെച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. ടോള്‍ പിരിക്കാന്‍ കരാര്‍ ലഭിച്ച ജിഐപിഎല്‍ എന്ന കമ്പനിക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എഐ അനുമതി നല്‍കി. സെപ്റ്റംബര്‍ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 9 വരെ ടോള്‍ പിരിവ് റദ്ദാക്കിയിരിക്കുകയാണ്. ഗതാഗത പ്രശ്നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

പുതിയ വര്‍ദ്ധനവ് അനുസരിച്ച്, കാറുകള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 90 രൂപയായിരുന്നത് 95 രൂപയാകും. ദിവസത്തില്‍ ഒന്നിലധികം യാത്രകള്‍ക്കുള്ള നിരക്കായ 140 രൂപയില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160 രൂപയായിരുന്നത് 165 രൂപയായും, ഒന്നിലധികം യാത്രകള്‍ക്ക് 240 രൂപയായിരുന്നത് 245 രൂപയായും ഉയരും. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 320 രൂപയായിരുന്നത് 330 രൂപയും, ഒന്നിലധികം യാത്രകള്‍ക്ക് 485 രൂപയായിരുന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപയായിരുന്നത് 530 രൂപയും, ഒന്നിലധികം യാത്രകള്‍ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് പുതുക്കുന്നത്. നിരന്തരം കരാര്‍ ലംഘനം നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.