ടോക്യോ ഒളിമ്പിക്സ് : ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ഫൈനലിൽ

Jaihind Webdesk
Wednesday, August 4, 2021

 

ടോക്യോ : ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ മത്സരിച്ച് ആദ്യ ശ്രമത്തിൽത്തന്നെ 86.65 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജിന്‍റെ ഫൈനല്‍ പ്രവേശം. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 താരങ്ങളിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്‍റേതാണ്.

അണ്ടര്‍ 20 ലോകചാമ്പ്യനും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്‍റെ മികച്ച ദൂരം. ഗ്രൂപ്പ് എയിൽ ആദ്യ ശ്രമത്തിൽത്തന്നെ 86.65 മീറ്റർ ദൂരം കണ്ടെത്തി നീരജ് മറ്റുള്ളവരുടെ ത്രോകൾക്കായി കാത്തുനിൽക്കാതെ നേരിട്ട് ഫൈനലിന് യോഗ്യത നേടി. 83 മീറ്ററാണ് ഫൈനലിലേയ്ക്കുള്ള യോഗ്യതാ മാര്‍ക്ക്.  ഗ്രൂപ്പ് ബിയിൽ പാകിസ്ഥാൻ താരം അർഷാദ് നദീം 85.16 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ബി ഗ്രൂപ്പിൽ യോഗ്യതയ്ക്കായി മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ശിവ്പാൽ സിംഗ് ഫൈനൽ കാണാതെ പുറത്തായി. 76.40 മീറ്റർ ദൂരം കണ്ടെത്താനേ ശിവ്പാല്‍ സിംഗിന് കഴിഞ്ഞുള്ളൂ.