ടോക്യോ : ഒളിമ്പിക്സ് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമിയില്‍. ഹോക്കിയിൽ മൂന്നു തവണ സ്വർണ്ണം നേടിയിട്ടുള്ള ഓസ്‌ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിമ്പിക്‌സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ ചരിത്രത്തിലാദ്യമായി ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ഒന്നിച്ച് സെമിയിൽ എന്ന അപൂർവതയുമായി.
പുരുഷ വിഭാഗത്തിലും ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നിരുന്നു. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ മറികടന്ന ഒമ്പതാം റാങ്കുകാരായ ഇന്ത്യയ്ക്ക്, സെമിയിൽ മൂന്നാം റാങ്കുകാരായ അർജന്‍റീനയാണ് എതിരാളികൾ. ബുധനാഴ്ചയാണ് ഇന്ത്യഅർജന്‍റീന സെമി പോരാട്ടം. ക്വാർട്ടറിൽ ജർമ്മനിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്താണ് അർജന്‍റീന സെമിയിൽ കടന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനാൽറ്റി കോർണറിൽനിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്.
മറുവശത്ത് ഓസ്‌ട്രേലിയയ്ക്ക് അഞ്ചിലധികം പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഓസ്‌ട്രേലിയ കടുത്ത രീതിയിൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും തുടർച്ചയായി പെനാൽറ്റി കോർണറുകൾ വഴങ്ങി ഇന്ത്യൻ പ്രതിരോധം പിടിച്ചുനിന്നു. പുറത്താകലിന്‍റെ വക്കിൽനിന്നു നോക്കൗട്ട് ഘട്ടത്തിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിൽ കളിച്ച ഇന്ത്യ, പൂൾ ബി ചാമ്പ്യൻമാരായി എത്തിയ ഓസീസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
1980ലെ മോസ്‌കോ ഒളിമ്പിക്‌സിൽ നേടിയ നാലാം സ്ഥാനമാണ് ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇതിനു മുമ്പ് ഇന്ത്യയുടെ മികച്ച പ്രകടനം. പ്രമുഖ ടീമുകൾ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചതിനാൽ മോസ്‌കോയിൽ ആകെ ആറു ടീമുകളാണ് മത്സരിച്ചത്. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്‍റിൽ രണ്ട് വിജയങ്ങളുമായാണ് ഇന്ത്യ അന്ന് നാലാം സ്ഥാനത്തെത്തിയത്. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാമ്പ്യൻമാരായാണ് ഓസ്‌ട്രേലിയൻ വനിതകൾ ക്വാർട്ടറിലെത്തിയത്. അഞ്ച് മത്സരങ്ങളിൽനിന്ന് അവർ അടിച്ചുകൂട്ടിയത് 13 ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോളും. അതും ആദ്യ മത്സരത്തിൽ സ്‌പെയിനെതിരെ.
എന്നാൽ തികച്ചം വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. പൂൾ എയിൽ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന രണ്ട് മത്സരങ്ങളിൽ നേടിയ നിർണായക വിജയങ്ങളുടെ മികവിൽ പൂൾ എയിൽ നാലാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. ആദ്യത്തെ മൂന്ന് കളികളിൽ നെതർലൻഡ്‌സ്, ജർമനി, നിലവിലുള്ള ചാമ്പ്യൻമാരായ ബ്രിട്ടൻ എന്നീ ടീമുകളോടാണ് ഇന്ത്യ തോറ്റത്. പിന്നീട് അയർലൻഡിനെ 10നും ദക്ഷിണാഫ്രിക്കയെ 43നും തോൽപിച്ചു. പൂൾ എയിലെ അവസാന മത്സരത്തിൽ ബ്രിട്ടനും അയർലൻഡിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വാതിൽ തുറന്നുകിട്ടിയത്.