കടുത്ത ധന പ്രതിസന്ധിക്കിടെ ഇന്ന് സംസ്ഥാന ബജറ്റ്

Jaihind Webdesk
Friday, February 3, 2023


തിരുവനന്തപുരം: കടുത്ത ധന പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ
അവതരിപ്പിക്കും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന വേളയിലാണ് ഇക്കുറി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കും.

സംസ്ഥാനത്ത് ധന പ്രതിസന്ധി തുടരുമെന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം ധനവകുപ്പ് നിയമസഭയിൽ വച്ചിരുന്നു. സംസ്ഥാനത്തിൻ്റെ പൊതുകടം കൂടിയെന്നും പൊതുകടം 2.10 ലക്ഷം കോടിയായി ഉയർന്നെന്നും സർക്കാർ നിയമസഭയിൽ വച്ച റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തിന്‍റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന റിപ്പോർട്ട് നിയമസഭയിൽ ധനമന്ത്രി വച്ചത്.

പല മേഖലകളിലും നികുതി വർധനവ് ഉണ്ടാകുമെന്ന് ധനമന്ത്രി ഇതിനകം സൂചന നൽകിയിരുന്നു. നികുതി വർധനവിനൊപ്പം ഫീസുകളും ഫൈനുകളും വർധിപ്പിച്ച് അധിക വരുമാനം നേടുവാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് ധവളപത്രം പുറത്തിറക്കിയിരുന്നു. ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും നികുതി പിരിവിലെ പിഴവുമാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലെത്തുവാൻ കാരണമെന്ന വാദമാണ് യുഡിഎഫ് ഉയർത്തിയിട്ടുള്ളത്.