9 മണിക്കൂർ; ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂർത്തിയായി

Jaihind Webdesk
Monday, June 13, 2022

 

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി ചുമത്തിയ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും ചോദ്യം ചെയ്യും. 9 മണിക്കൂറോളമാണ് ഇഡി ഇന്ന് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിനിടെ രാഹുല്‍ ഗാന്ധി കൊവിഡ‍് ബാധിതയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ കാണാനെത്തിയത്. സോണിയാ ഗാന്ധിയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫീസിലേക്ക് പോവുകയായിരുന്നു.

രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുല്‍ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങി. ബാരിക്കേഡുകള്‍ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പോലീസ് തടഞ്ഞു.

അതേസമയം പ്രതിഷേധിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിക്ക് നേരെ പോലീസ് അതിക്രമമുണ്ടായി. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ വലിച്ചിഴയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യൽ നടക്കുന്ന ഡൽഹി ഇഡി ഓഫീസിന് മുന്നിലായിരുന്നു പോലീസ് അതിക്രമം.