പുന്നമടക്കായലിലെ ജലരാജാവിനെ ഇന്നറിയാം; നെഹ്‌റു ട്രോഫി വള്ളംകളി രാവിലെ 11 മണി മുതല്‍

Jaihind Webdesk
Saturday, September 28, 2024

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടര്‍ന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. പ്രധാന ആകര്‍ഷണമായ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂര്‍ത്തിയാകുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികള്‍. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരംഭിക്കുന്നത്.

കഴിഞ്ഞവര്‍ഷം നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ (2023) വീയപുരം ചുണ്ടനാണ് കിരീടം നേടിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു വീയപുരം ചുണ്ടന്‍ തുഴഞ്ഞത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടര്‍ച്ചയായ നാലാം കിരീടമായിരുന്നു ഇത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനായിരുന്നു 2023ലെ രണ്ടാം സ്ഥാനം.