ഇന്ന് പിണറായി സര്‍ക്കാര്‍ വികസനത്തിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും; ഇതെല്ലാം ജനങ്ങളെ പറ്റിക്കാനോ?

Jaihind News Bureau
Friday, May 23, 2025

പരാജയത്തിന്‍റെ പടുകുഴിയില്‍ വീണു കിടക്കുന്ന സര്‍ക്കാര്‍ ഇന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ വികസനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ഭാഗമായി ഒരു മാസത്തോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ടാണ് തിരുവനന്തപുരത്ത് പൊതുസമ്മേളനവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കലും സംഘടിപ്പിച്ചിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വൈകുന്നേരം അഞ്ചുമണിക്കാണ് ചടങ്ങ് നടക്കുക.

സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ദേശീയ പാതാ നിര്‍മ്മാണത്തില്‍ വിള്ളല്‍ വീണതോടെ പ്രതിരോധത്തില്‍ ആയ പിണറായി സര്‍ക്കാര്‍ നിര്‍മ്മാണ അപാകത കേന്ദ്രത്തിന്റെ തലയില്‍ ചാരി തടിയൂരിയാണ് ഇന്ന് ആഘോഷത്തിന് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കല്‍ ചുമതല മാത്രമാണ് ഉള്ളതെന്നും നിര്‍മ്മാണച്ചുമതല കേന്ദ്രത്തിനാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൊല്ലത്ത് വ്യക്തമാക്കിയാണ് വിള്ളല്‍ വിവാദത്തില്‍ നിന്ന് തലയൂരുവാന്‍ ശ്രമിച്ചത്. 9 വര്‍ഷത്തെ കാലയളവില്‍ ചെയ്തു കൂട്ടിയ അഴിമതികളുടെയും ജനദ്രോഹത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും നേര്‍ക്കാഴ്ചയാണ് ഇന്നത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കാണിക്കേണ്ടത്. എന്നാല്‍ എന്തിനേയും ഏതിനെയും വെളിപ്പിക്കാന്‍ കഴിയുന്ന പ്രത്യേക കഴിവുള്ളയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ ഇനി എന്തൊക്കെ വിമര്‍ശനങ്ങള്‍ വന്നാലും പിണറായി സര്‍്ക്കാരിനെ അത് ബാധിക്കില്ല എന്നുറപ്പ്.