ടി.പി. ചന്ദ്രശേഖരന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പതിമൂന്നാണ്ട്‌

Jaihind News Bureau
Sunday, May 4, 2025

ടി.പി. ചന്ദ്രശേഖരന്‍റെ ഓരോ രക്തസാക്ഷിത്വദിനാചരണത്തിലും കേള്‍ക്കുന്ന ഒരു വാചകമുണ്ട് ‘ജീവിച്ചിരുന്ന ടി.പി.യെക്കാള്‍ കരുത്തനാണ് രക്തസാക്ഷിയായ ടി.പി…’

ഓര്‍മ്മകള്‍ക്ക് വയസ് കൂടുന്തോറും ജനമനസ്സുകളില്‍ കരുത്തേറുകയാണ് ടി പി ചന്ദ്രശേഖരന്. ആ ഓര്‍മ്മകള്‍ക്ക് ഇന്ന് പതിമൂന്നാണ്ട്.

രാഷ്ട്രീയ വിരോധവും ഒടുങ്ങാത്ത പകയും ഒരുമിച്ച ടിപി വധത്തോളം കേരളത്തെ പിടിച്ച് കുലുക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകം ഇല്ലെന്നുതന്നെ പറയാം. ജീവിച്ചിരിക്കുന്ന ടിപിയെക്കാള്‍ കരുത്തനാണ് മരിച്ച ടിപി എന്ന വാക്കുകള്‍ അന്വര്‍ഥമാക്കുന്നതായിരുന്നു രാഷ്ട്രീയ രംഗത്തെ കഴിഞ്ഞകാല കാഴ്ചകള്‍. വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തമാണ് ഇക്കുറി ടിപി വിഷയത്തെ കൂടുതല്‍ ചര്‍ച്ചയാക്കിയത്. കോടതി വിധി വന്നതാകട്ടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം പട്ടിക പുറത്തിറക്കിയ അതേ ദിവസം തന്നെയും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ടിപി കേസ് വീണ്ടും ചര്‍ച്ചയായി. ആര്‍എംപിയുടെ രൂപീകരണ ശേഷം കൈവിട്ട മണ്ഡലം തിരികെ പിടിക്കാന്‍ വടകരയില്‍ സിപിഎം നിയോഗിച്ച കെ കെ ശൈലജയ്ക്ക് ആദ്യം നേരിടേണ്ടി വന്നതും ടിപിയുടെ രാഷ്ട്രീയമുയര്‍ത്തിയ വെല്ലുവിളി തന്നെ.

2012 മേയ് 4ന് വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ചാണ് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎമ്മുകാരന്‍ എന്നതിനപ്പുറം ഒരു ജനകീയനായ വ്യക്തിയെ 51 വെട്ടുവെട്ടി ഛിന്നഭിന്നമാക്കിയതിന്റെ നടുക്കുന്ന ഓര്‍മകള്‍ സിപിഎമ്മിനെ വീണ്ടും വേട്ടയാടുകയാണ്. വിചാരണ കോടതിക്ക് മുകളില്‍ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ വന്നപ്പോള്‍ കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്തവരുടെ മുഖവും വികൃതമാവുകയാണ്. റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 36 പ്രതികളില്‍ 12 പേരെയാണ് 2014 ല്‍ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പ്രതികളുടെ പ്രധാന വാദം. കേസില്‍ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ അപ്പീല്‍ നല്‍കിയത്. കൊലപാതത്തില്‍ നേരിട്ടും, ഗൂഢാലോചനയിലും പങ്കെടുത്ത എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. കേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണ്‍ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.

2014ല്‍ ഒരു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ വിചാരണ കോടതി വിധിയെങ്കില്‍ ഹൈക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭ മണ്ഡലത്തില്‍ ടിപി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഎമ്മിന് ജയിച്ച് കയറാനുമായിട്ടില്ല. അരുവിക്കര നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തൊട്ടിങ്ങോട്ട് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും 2019 ലോക് സഭാ തെരഞ്ഞെടുപ്പിലും ഒക്കെ ടി പി വധം കേരളം ചര്‍ച്ച ചെയ്തിരുന്നു. 13 വര്‍ഷത്തിനിപ്പുറവും ഒളിമങ്ങാതെ ടിപി ചന്ദ്രശേഖരന്റെ ഓര്‍മ്മകളും ആ പോരാട്ട വീര്യവും മലയാളികളുടെ മനസ്സിലെത്തുന്നുവെന്നത് ആര്‍ക്കും തമസ്‌കരിക്കാനാവാത്ത സത്യമാണ്.