ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി ശബ്ദമായി മാധ്യമങ്ങള്‍ നിലകൊള്ളുമ്പോഴും ഇന്ത്യ മാധ്യമ സ്വാതന്ത്രപട്ടികയില്‍ 151 ാം സ്ഥാനത്താണ്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. യുനെസ്‌കോയുടെ റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 124ഉം ഇന്ത്യയില്‍ മാത്രം 64ഉം ആണ്. എന്തൊക്കെ സംഭവിച്ചാലും തങ്ങളുടെ ജീവന്‍ പണയം വച്ചും, ജനാധിപത്യത്തിനായി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വാക്കുകളില്‍ ഒതുങ്ങുന്ന ഒന്നല്ല.
സെന്‍സര്‍ഷിപ്പിനെയോ പ്രതികാരനടപടികളേയോ ഭയപ്പെടാതെ, വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലീകാവകാശമാണ് മാധ്യമ സ്വാതന്ത്ര്യം. ജനാധിപത്യത്തിന്റെ നാലാം സ്തംഭമായാണ് മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിക്കാറുള്ളത്. മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 1993 മുതല്‍ എല്ലാ വര്‍ഷവും മെയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. എല്ലാ വര്‍ഷവും ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ ഒരു പ്രത്യേക പ്രമേയം തിരഞ്ഞെടുക്കാറുണ്ട്. ‘പത്രപ്രവര്‍ത്തനം ഡിജിറ്റല്‍ ഉപരോധത്തിന് കീഴില്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ദൈനംദിന വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്ന തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടവര്‍ക്കും ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. പത്രസ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്‌കോയുടെ ഗില്ലര്‍മോ കാനോ പുരസ്‌കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്. 95 പത്രപ്രവര്‍ത്തകരെ കാണാതായെന്നും 43 പേര്‍ നിര്‍ബന്ധിത തിരോധാനത്തിന് ഇരയായതായും ആര്‍എസ്എഫിന്റെ 2024 ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ പറയുന്നു.
വാര്‍ത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണ് ആദ്യമായി വാര്‍ത്താ പത്രം വിതരണം ചെയ്തത്. ദ്വൈവാരികയായി ദി ഡയലി കോറന്റ് എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട പത്രമായിരുന്നു അത്. 1690 ല്‍ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. 1920 മുതല്‍ ആധുനിക പത്രപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു.
മാധ്യമപ്രവര്‍ത്തനങ്ങളുടെ മുഖഛായകള്‍ മാറി മറിയുകയാണ്. അക്ഷരങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും പേപ്പറുകളില്‍ നിന്നും വഴിമാറി ഇന്ന് വിരല്‍തുമ്പിലാണ് മാധ്യമങ്ങള്‍. എന്തു വാര്‍ത്തകളും എപ്പോഴും ആര്‍ക്കും ജനങ്ങളിലേക്കെത്തിക്കാവുന്ന തരത്തില്‍ മാധ്യമത്തിന്റെ സാധ്യതകള്‍ ഏറെയാണ്. ഈയൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ ‘പത്രപ്രവര്‍ത്തനം ഡിജിറ്റല്‍ ഉപരോധത്തിന് കീഴില്‍’എന്ന പ്രമേയത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. എഐ വഴിയുള്ള വ്യാജവിവര പ്രചാരണവും ‘ഡീപ് ഫെയ്ക്’ വെല്ലുവിളികളും മാധ്യമപ്രവര്‍ത്തകരുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്നു. കൂടാതെ ഡിജിറ്റല്‍ ആശയവിനിമയങ്ങളില്‍ പൊതുജനങ്ങളുടെ വിശ്വാസത്തിന്മേല്‍ ഉണ്ടാകാവുന്ന അനന്തരഫലങ്ങളും എടുത്തുകാണിക്കുന്നു.